ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്കയിലുണ്ടായ തീപിടുത്തത്തിന് കാരണം കെട്ടിട ഉടമയിൽ നിന്നുണ്ടായ ഗുരുതര വീഴ്ച്ചകളെന്ന് അഗ്നിരക്ഷാ സേനാ മേധാവി അതുൽ ഗാർഗ്. സുരക്ഷാസംവിധാനങ്ങളൊന്നും പാലിക്കാതെ, മെട്രോ ലൈൻ കടന്നുപോകുന്ന ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ഫാക്ടറിക്ക് പലതവണ അഗ്നിരക്ഷസേനാവിഭാഗം നോട്ടീസ് നൽകിയിട്ടും ഉടമകൾ തിരുത്താൻ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. 30 പേർക്കാണ് തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നെങ്കിൽ വെള്ളിയാഴ്ചയുണ്ടായ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. അകത്തേക്കും പുറത്തേക്കും കടക്കാനായി ഒരു വാതിൽ മാത്രമാണ് കെട്ടിടത്തിനുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ കെട്ടിടത്തിന്റെ ആദ്യനിലയിൽ സി.സി.ടി.വി, വൈ.ഫൈ. റൗട്ടർ എന്നിവ നിർമിക്കുന്ന കടയിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. മുന്നൂറോളം പേരാണ് ഈ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത്.
ഈസമയം രണ്ടാംനിലയിൽനടന്ന പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയവരടക്കം മുന്നൂറോളംപേർ കെട്ടിടത്തിലുണ്ടായിരുന്നു. 30 അഗ്നി രക്ഷാവാഹനങ്ങൾ ചേർന്നാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. ദേശീയ ദുരന്തനിവാരണ സേനയുൾപ്പെടെ രക്ഷാദൗത്യത്തിന് എത്തിച്ചേർന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണോ അപകടമുണ്ടാക്കിയതെന്ന കാര്യത്തിൽ അന്വേഷണം നടത്താമെന്ന് അധികൃതർ വ്യക്തമാക്കി.

