കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പ്രതിസന്ധി രൂക്ഷമാകുന്നു; ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല

കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തിട്ടും രണ്ടായിരത്തോളം ജീവനക്കാരുടെ ശമ്പള വിതരണം ഈ മാസവും മുടങ്ങി. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കൂട്ടത്തോടെ രാജി വെക്കുന്നതും മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്.

പരിയാരം മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുത്തെന്ന പ്രഖ്യാപനം വന്നിട്ട് വർഷം 4 കഴിഞ്ഞു. ഇവിടെ ജോലി ചെയ്യുന്നവരെ ഇതുവരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചിട്ടില്ല. മൂന്ന് മാസം മുൻപ് വരെ ആശുപത്രി ഫണ്ടിൽ നിന്നായിരുന്നു ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്തിരുന്നത്. എന്നാൽ ഈ അനുമതി ധനവകുപ്പ് നിഷേധിച്ചതോടെ ജീവനക്കാരുടെ ശമ്പള വിതരണം പ്രതിസന്ധിയിലാകുകയായിരുന്നു.

സ്പാർക് വഴി ശമ്പളം നൽകണമെങ്കിൽ ജീവനക്കാർക്ക് സ്ഥിരം എംപ്ലോയ്മെന്റ് നമ്പറോ താത്കാലിക നമ്പറോ ലഭിക്കണം. ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. രണ്ടായിരത്തോളം വരുന്ന ജീവനക്കാരാണ് പ്രതിസന്ധി നേരിടുന്നത്. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതോടെ കഴിഞ്ഞ നാല് വർഷമായി ജീവനക്കാരുടെ ക്ഷാമബത്ത, ശമ്പള വർധന, സ്ഥാനകയറ്റം എന്നിവയും മുടങ്ങിയിരിക്കുകയാണ്.