ഒരു വടി കിട്ടിയാൽ അടിക്കേണ്ട സംഘടനയല്ല; സമസ്തയ്ക്ക് പിന്തുണയുമായി പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സമസ്തയ്ക്ക് പിന്തുണയുമായി പി കെ കുഞ്ഞാലിക്കുട്ടി. ഒരു വടി കിട്ടിയാൽ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ വലിയ സംഭാവന നൽകിയ സംഘടനയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ ചർച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലപ്പുറത്ത് മദ്രസാ പുരസ്‌കാരവേദിയിൽ വെച്ച് പത്താംക്ലാസ് വിദ്യാർത്ഥിനിയെ മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്ലിയാർ അപമാനിച്ചതാണ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചത്. സമസ്ത വേദിയിൽ പെൺകുട്ടികൾക്ക് പ്രവേശനമില്ലെന്നായിരുന്നു എം ടി അബ്ദുള്ള മുസ്ലിയാർ വ്യക്തമാക്കിയത്. ഇനി മേലിൽ പെൺകുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാൽ കാണിച്ചു തരാമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ലെന്ന് സംഭവത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിച്ചിരുന്നു.

‘അപമാനിക്കപ്പെട്ടു’ എന്ന പ്രയോഗം തന്നെ തെറ്റാണ്. പെൺകുട്ടികൾ വേദിയിൽ വരുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. പെൺകുട്ടി അപമാനിക്കപ്പെട്ടിട്ടില്ല, വിധികളിലും വിശ്വാസങ്ങളിലും മാറ്റം വരുത്താനുമാവില്ല. വേദിയിൽ വരുന്നതിന് മുമ്പ് അബ്ദുള്ള മുസ്ലിയാർ പെൺകുട്ടിയെ തടഞ്ഞില്ല. അങ്ങനെ തടഞ്ഞെങ്കിൽ അപമാനിച്ചെന്ന് പറയാമായിരുന്നു. വേദിയിലിരിക്കുന്ന ഉസ്താദുമാരെ കണ്ടപ്പോൾ പെൺകുട്ടിക്ക് ലജ്ജ. ഇനി വരുന്ന പെൺകുട്ടികൾക്കും ലജ്ജയുണ്ടാകുമോ എന്ന ആശങ്കയിലാണ് നേതാവ് ശാസിച്ചതെന്നും അദ്ദേഹം അറിയിച്ചു.