യൂബർ-ഒലെ മാതൃകയിൽ ഓൺലൈൻ ടാക്സി സർവീസ്; കേരള സവാരി ജൂൺ മുതൽ ആരംഭിക്കുന്നു

തിരുവനന്തപുരം: യൂബർ-ഒലെ മാതൃകയിൽ സർക്കാർ തുടക്കമിടുന്ന ഓൺലൈൻ ടാക്സി സർവീസ് ജൂൺ ആദ്യവാരം മുതൽ നിരത്തിലിറങ്ങും. കേരള സവാരി എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം, ഐ.ടി, പൊലീസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഓൺലൈൻ ടാക്‌സി-ഓട്ടോ സമ്പ്രദായം വരുന്നന്നത്.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്റെ (ഐ.ടി.ഐ) സാങ്കേതിക പങ്കാളിത്തത്തോടെ സംസ്ഥാന തൊഴിൽ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ലേബർ കമ്മീഷനാണ് പദ്ധതിയുടെ നിയന്ത്രണ ചുമതല. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് കേരള സവാരി എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് യാത്രകൾ ബുക്ക് ചെയ്യാം. മൊബൈൽ ആപ്പിൽ കാണിക്കുന്ന പണമാണ്‌നൽകേണ്ടത്. ഓട്ടം വിളിക്കുന്നയാൾ നിൽക്കുന്നതിന് 500 മീറ്ററിനുള്ളിലാണു വാഹനം ഉള്ളതെങ്കിൽ സ്ഥലത്തു വന്ന് ആളെ കയറ്റുന്നതിന് അധികം ചാർജ് ഉണ്ടാകില്ല.

വെയിറ്റിംഗ് ചാർജിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. 24 മണിക്കൂറും കാൾ സെന്റർ സേവനം ലഭ്യമാകും. നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയിൽ അംഗങ്ങളാകുന്ന വാഹനങ്ങൾക്ക് ജി.പി.എസ് ഘടിപ്പിക്കേണ്ടതില്ല. സ്മാർട്ട് ഫോൺ ജി.പി.എസ് നാവിഗേഷനായി ഉപയോഗിക്കാം.