ത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഡോക്ടർ മണിക് സാഹ

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഡോക്ടർ മണിക് സാഹ. ബിജെപി കേന്ദ്ര നേതൃത്വമാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയാണ് മണിക് സാഹ. കഴിഞ്ഞ മാസമാണ് സാഹ രാജ്യസഭാ എംപിയായി ചുമതലയേറ്റത്.

ഭൂപേന്ദ്രയാദവ്, വിനോദ് താവ്ടെ എന്നീ കേന്ദ്രനിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് മണിക് സാഹയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ത്രിപുര ബിജെപി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ അംഗവുമാണ് മണിക് സാഹ. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്ലബ് കുമാർ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടത്. പാർട്ടിയിലെ എതിർപ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ചാണ് തീരുമാനം.

ഗവർണറുമായി രാജ്ഭവനിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ബിപ്ലവ് രാജി പ്രഖ്യാപിച്ചത്. പാർട്ടിയെ ശക്തിപ്പെടുത്താൻ ബിജെപിക്കു തന്നെ ആവശ്യമാണെന്നും താഴെ തട്ടിലിറങ്ങി പ്രവർത്തിക്കാനാണ് രാജിയെന്നും അദ്ദേഹം അറിയിച്ചു. 2018 ലെ ത്രിപുര തിരഞ്ഞെടുപ്പിൽ 25 വർഷം നീണ്ട ഇടതുമുന്നണി സർക്കാരിന്റെ ഭരണം അവസാനിപ്പിച്ച് ബിജെപി വിജയിച്ചതിനെ തുടർന്നാണ് ബിപ്ലവ് കുമാർ ദേവ് മുഖ്യമന്ത്രിയായത്.