ന്യൂഡൽഹി: രാഹുൽ ഗാന്ധി നേതൃത്വ സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കിൽ പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് പ്രസിഡന്റാകണമെന്ന് ആവശ്യം. രാജസ്ഥാനിലെ ഉദയ്പുരിൽ നടക്കുന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണമാണ് ഈ ആവശ്യം ഉയർത്തിയത്.
ദേശീയതലത്തിൽ കോൺഗ്രസിന്റെ ജനപ്രിയ മുഖമാണ് പ്രിയങ്കയെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ രണ്ടു വർഷമായി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തിക്കാൻ ശ്രമം നടക്കുകയാണ്. അദ്ദേഹം തയ്യാറല്ലെങ്കിൽ പ്രിയങ്ക ദേശീയ അധ്യക്ഷ പദവി എറ്റെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാമുള്ള സദസിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടതെങ്കിലും ആരും പ്രതികരിച്ചില്ലെന്നും മല്ലികാർജ്ജുൻ ഖാർഗെ ഇടപെട്ട് സംസാരിച്ചുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാഹുൽ ഗാന്ധി പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കേണ്ട സമയമാണിത്. എന്നാൽ ചില കാരണങ്ങളാൽ അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ല. പ്രിയങ്കാ ഗാന്ധി മുന്നോട്ട് വരികയും പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്യണമെന്നും ദേശീയതലത്തിൽ കോൺഗ്രസിന്റെ ജനപ്രിയ നേതാവാണ് പ്രിയങ്കയെന്നും ആചാര്യ പ്രമോദ് കൃഷ്ണ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
പാർട്ടിയെ മുൻ നിരയിൽ നിന്ന് നയിക്കാൻ പുതുതലമുറക്ക് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

