തിരുവനന്തപുരം: സർക്കാർ ജിവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ശമ്പളം മുടങ്ങുമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കടമെടുക്കുന്നതിൽ കേന്ദ്രവുമായി ചർച്ച നടക്കുകയാണ്. സംസ്ഥാനങ്ങൾക്ക് അർഹമായ വരുമാനം ലഭിക്കുന്നില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണ്. കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ എല്ലാവരും കൂടി ചോദിച്ച് വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം മുതൽ ജി.എസ്.ടി വരുമാനം കിട്ടാതെ വരും. അപ്പോൾ പ്രതിസന്ധി രൂക്ഷമാകും. പാചക വാതകത്തിന് സംസ്ഥാന സർക്കാർ നികുതി ഇടാക്കുന്നുവെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സ്വയം ചെറുതാകുകയാണെന്നും ജനങ്ങളെ എപ്പോഴും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

