ദുബായ്: ഇന്ത്യ-യുഎഇ സമഗ്ര സാമ്ബത്തിക പങ്കാളിത്ത ഉടമ്ബടിക്ക് പിന്നില്‍ നിന്ന വ്യക്തിയാണ് പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍. ഭീകരവാദത്തെ തുടച്ചു നീക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് കരുത്ത് നല്‍കിയ നേതാവ്. 2004ലാണ് ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ യുഎഇ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. തന്ത്രപ്രധാനമായ ആസൂത്രണം, പരിശീലനം, സംഘടനാ ഘടന, പ്രതിരോധ ശേഷികള്‍ പ്രോത്സാഹിപ്പിക്കല്‍ എന്നിവയില്‍ യു എ ഇ സായുധ സേനയെ വികസിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. 2005 ജനുവരി മുതല്‍ യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറായും ശൈഖ് മുഹമ്മദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയുമായി അടുത്ത ബന്ധമാണ് ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുള്ളത്. 2017ല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായിരുന്ന അദ്ദേഹത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദി സ്വീകരിച്ചത്. ശേഷം സൈനിക സഹകരണത്തില്‍ അടക്കം ഇരുരാജ്യങ്ങളും പങ്കാളികളായി. ഇന്ത്യയുടെ ഉറ്റ സുഹൃത്തായി നഹ്യാനെ വിലയിരുത്തപ്പെടുന്നു. തീവ്രവാദത്തിനെതിരെ യുഎഇ മണ്ണുപയോഗിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാടും ഇന്ത്യയെ തുണച്ചു.
ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത് സമ്ബദ് വ്യവസ്ഥ, ഊര്‍ജ്ജം , കാലാവസ്ഥാ പ്രവര്‍ത്തനം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, നൈപുണ്യവും വിദ്യാഭ്യാസവും, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ വ്യാപാര-നിക്ഷേപ-നവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ്. കൂടാതെ വെര്‍ച്വല്‍ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യ-യുഎഇ സമഗ്ര സാമ്ബത്തിക പങ്കാളിത്ത ഉടമ്ബടി ഒപ്പുവച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും യുഎഇ സ്ഥാപിതമായതിന്റെ 50-ാം വാര്‍ഷികവും കണക്കിലെടുത്ത് ഇരുനേതാക്കളും സംയുക്ത സ്മരണികസ്റ്റാമ്ബും പുറത്തിറക്കി. മാത്രമല്ല ഇന്ത്യയും യുഎഇയും ഒപ്പുവച്ച രണ്ടു ധാരണാപത്രങ്ങളും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു. ഭക്ഷ്യസുരക്ഷ ഇടനാഴിയെക്കുറിച്ച് എപിഇഡിഎയും ഡിപി വേള്‍ഡ് & അല്‍ ദഹ്റയും തമ്മിലുള്ള ധാരണപത്രം, സാമ്ബത്തിക പദ്ധതികളിലും സേവനങ്ങളിലുമുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യയുടെ ഗിഫ്റ്റ് സിറ്റിയും അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റും തമ്മിലുള്ള ധാരണാപത്രം എന്നിവയിലാണ് ഒപ്പുവെച്ചത്. കൂടാതെ കാലാവസ്ഥാപ്രവര്‍ത്തനത്തിലെ സഹകരണത്തിനും വിദ്യാഭ്യാസത്തിനുമായുള്ള മറ്റു രണ്ടു കരാറുകള്‍ക്കും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. അങ്ങനെ ഇന്ത്യയ്ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഭരണാധിപനാണ് ഇനി യുഎഇയുടെ തലവന്‍.

