കനത്ത മഴ; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. കനത്ത മഴയെ തുടർന്നാണ് തീരുമാനം. ഇത് മൂന്നാം തവണയാണ് വെടിക്കെട്ട് മാറ്റിവെയ്ക്കുന്നത്. തൃശൂർ നഗരത്തിൽ ഇന്ന് ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഇന്ന് വൈകിട്ട് 6.30 ന് വെടിക്കെട്ട് നടത്താനായിരുന്നു ദേവസ്വം ബോർഡുകൾ തീരുമാനിച്ചത്.

തൃശൂർ പൂരം ദിവസം പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ട് മഴ കാരണമാണ് മാറ്റിവെച്ചത്. ഞായറാഴ്ച വെടിക്കെട്ട് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഞായറാഴ്ച അവധി വരുന്നതിനാൽ ശുചീകരണം എളുപ്പത്തിലാക്കാനായിട്ടാണ് ശനിയാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താൻ ദേവസ്വം തീരുമാനിച്ചത്. എന്നാൽ മഴ ചതിച്ചതോടെ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെയ്‌ക്കേണ്ടി വന്നു.

ബുധനാഴ്ച പുലർച്ചെ മൂന്നു മണിക്കായിരുന്നു തൃശൂർ പൂരം മെയിൻ വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. തലേദിവസം പെയ്ത കനത്ത മഴയെ തുടർന്ന് വെടിക്കെട്ടിനായി തയ്യാറാക്കിയ കുഴികളിലടക്കം വെള്ളം കയറി. ഇതോടെ ബുധനാഴ്ച വൈകിട്ട് ഏഴുമണിയിലേക്ക് വെടിക്കെട്ട് മാറ്റിവെച്ചു. എന്നാൽ മഴ തുടർന്നതോടെ ബുധനാഴ്ച്ചത്തെ വെടിക്കെട്ടും മാറ്റിവെയ്ക്കുകയായിരുന്നു അതേസമയം, .കാലാവസ്ഥ മെച്ചപ്പെടുന്ന ദിവസം വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.