സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഒരുങ്ങിയത് 20808 വീടുകള്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തില്‍ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ 20808 വീടുകള്‍ ഒരുങ്ങി. വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 17 ന് വൈകീട്ട് തിരുവനന്തപുരം കഠിനംകുളത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കൈമാറും. കഠിനംകുളം പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും വീട്ടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി നേരിട്ട് നിര്‍വ്വഹിക്കും.

അതേസമയം, നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 20000 വീടുകള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. 2,95,006 വീടുകള്‍ ഇത് വരെ ലൈഫ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി എംവി ഗോവിന്ദന്‍ അറിയിച്ചു. 34374 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 27 ഭവന സമുച്ഛയങ്ങളില്‍ നാലെണ്ണം അടുത്ത മാസം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പിണറായി സര്‍ക്കാരിന്റെ ഒന്നാം നൂറ് ദിന പരിപാടിയുടെ ഭാഗമായി 12000 വീടുകളാണ് പൂര്‍ത്തിയായത്.

ഭൂരഹിത ഭവന രഹിതരെ സഹായിക്കാന്‍ മനസ്സോടിത്തിരി മണ്ണ് എന്ന കാമ്പെയിനും സര്‍ക്കാര്‍ തുടങ്ങി. 35 തദ്ദേശ സ്ഥാപനങ്ങളിലായി ഇതിനകം 1712. 56 സെന്റ് കണ്ടെത്തി. 1000 പേര്‍ക്ക് ഭൂമി നല്‍കാന്‍ 25 കോടിക്ക് സ്‌പോണ്‍സര്‍ഷിപ്പുമായി.