തൃക്കാക്കരയിൽ ജയം അസാധ്യമല്ല; അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കരയെന്ന് മുഖ്യമന്ത്രി

കൊച്ചി: തൃക്കാക്കരയിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. തൃക്കാക്കരയിൽ ജയം അസാധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈസ്റ്റ് ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.

അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കര. മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ട. ശക്തമായ പ്രവർത്തനം വഴി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ച രീതി തൃക്കാക്കരയിലും ആവർത്തിക്കാമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മുമ്പ് ബൂത്ത് സെക്രട്ടറിമാർ ഓരോ ബൂത്തിലും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു.

മൂന്ന് ദിവസം കൊണ്ട് പത്ത് ലോക്കൽ കമ്മിറ്റി യോഗങ്ങളിലാണ് പിണറായി പങ്കെടുക്കുക. താഴേത്തട്ടിലെ യോഗങ്ങളിൽ പങ്കെടുത്ത് മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രചാരണം ഏകോപിപ്പിക്കുന്നത്. മന്ത്രിമാരും 60 എംഎൽഎമാരും മണ്ഡലത്തിൽ പ്രചാരണത്തിലുണ്ട്.