ചോദ്യ പേപ്പറിലും ചര്‍ച്ചയായി കൊമരം ഭീം

മാര്‍ച്ച് 24 ന് പുറത്തിറങ്ങിയ രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ലോകമെമ്പാടും 1000 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ചിത്രം പുറത്തിറങ്ങി ആദ്യ ദിവസം മുതല്‍ മികച്ച ജനപിന്തുണയാണ് ചിത്രത്തിന് ലഭിച്ച്കൊണ്ടിരുന്നത്. രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരുടെ പ്രകടനത്തിനത്തിന് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചു. വെള്ളിത്തിരയിലും സാമൂഹിക മാധ്യമങ്ങളിലും തരംഗമായ ആര്‍.ആര്‍.ആര്‍ ഇപ്പോള്‍ സ്‌കൂള്‍ ചോദ്യപ്പേപ്പറിലും ഇടം നേടിയിരിക്കുകയാണ്. തെലങ്കാനയിലെ ‘തെലങ്കാന പബ്ലിക് ഇന്റര്‍മീഡറ്റ്’ പരീക്ഷ ചോദ്യപ്പേപ്പറിലാണ് ചിത്രത്തെക്കുറിച്ചുള്ള ചോദ്യം ഇടംപിടിച്ചത്.

ആര്‍ആര്‍ആര്‍’ എന്ന സിനിമയിലെ കൊമരം ഭീം എന്ന ജൂനിയര്‍ എന്‍.ടി.ആറിന്റെ കഥാപാത്രക്കുറിച്ചായിരുന്നു ചോദ്യം. ‘നിങ്ങള്‍ ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ ജൂനിയര്‍ എന്‍.ടി.ആറിന്റെ കൊമരം ഭീമനായുള്ള പ്രകടനം കണ്ടതാണ്. ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ക്ക് ഒരു പ്രമുഖ ചാനലിലെ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ജൂനിയര്‍ എന്‍.ടി.ആറുമായി ഒരു അഭിമുഖം ചെയ്യാന്‍ പറ്റിയാല്‍ നിങ്ങള്‍ അദ്ദേഹത്തോട് എന്തൊക്കെ ചോദിക്കും?’ എന്നതായിരുന്നു ആ ചോദ്യം. ചോദ്യപ്പേപ്പര്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിക്കഴിഞ്ഞു. സിനിമയെക്കുറിച്ച്, കഥാപാത്രങ്ങള്‍, തിരക്കഥ, ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍, സിനിമ പ്രേക്ഷകരിലുണ്ടാക്കുന്ന സ്വാധീനം, സിനിമയെക്കുറിച്ചുള്ള താരത്തിന്റെ അഭിപ്രായം എന്നീ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും എഴുതാനാണ് ചോദ്യപ്പെപ്പറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചിത്രത്തില്‍ കൊമരം ഭീമന്‍ എന്ന ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട യുവാവായാണ് ജൂനിയര്‍ എന്‍.ടി.ആര്‍ അഭിനയിക്കുന്നത്. തന്റെ ഗോത്രത്തില്‍പ്പെട്ട ഒരു കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ ബ്രിട്ടീഷുകാരോട് പോരാടി ആ കുഞ്ഞിനെ രക്ഷിക്കാന്‍ ഭീമന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന കഥാ പശ്ചാത്തലം.