ടൈറ്റാക്കി ടൈറ്റന്‍സ്‌

മുംബൈ: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഏഴുവിക്കറ്റിനാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടൈറ്റന്‍സ് സംഘം കീഴടക്കിയത്.

വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 133/5 എന്ന സ്‌കോറില്‍ ഒതുക്കിയ ശേഷം അഞ്ചുപന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിയാക്കി ഗുജറാത്ത് വിജയിക്കുകയായിരുന്നു.റിതുരാജ് ഗെയ്ക്ക്വാദ് (53),നാരായണ്‍ ജഗദീശന്‍ (39*),മൊയീന്‍ അലി (21) എന്നിവരുടെ പോരാട്ടമാണ് ചെന്നൈയെ133ലെത്തിച്ചത്. ഗുജറാത്തിന് വേണ്ടി ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്,സായ് കിഷോര്‍ എന്നിവര്‍ ഓരോവിക്കറ്റ് വീഴ്ത്തി. വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും ഹാര്‍ദിക് രണ്ടോവറില്‍ എട്ടുറണ്‍സ് മാത്രമാണ് നല്‍കിയത്.

മറുപടിക്കിറങ്ങിയ ഗുജറാത്തിന് വേണ്ടി ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ കത്തിക്കയറിയതോടെ വിജയം ഉറപ്പായി.57പന്തുകളില്‍ എട്ടുഫോറും ഒരു സിക്‌സുമടക്കമാണ് സാഹ 67 റണ്‍സടിച്ചത്. ശുഭ്മാന്‍ ഗില്‍ (18),മാത്യു വേഡ് (20),ഹാര്‍ദിക് (7) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.സാഹയാണ് മാന്‍ ഒഫ് ദ മാച്ച്.