ന്യൂഡൽഹി: കോൺഗ്രസിന്റെ നേതൃനിരയിലേക്കുള്ള രാഹുൽ ഗാന്ധിയുടെ മടങ്ങി വരവിൽ ജി 23 നേതാക്കൾക്ക് എതിർപ്പില്ല. ഗുലാംനബി ആസാദും ആനന്ദ് ശർമ്മയും ഉൾപ്പടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിയ്ക്ക് പിന്തുണ അറിയിച്ചു. കോൺഗ്രസ് പാർട്ടിയിൽ ഐക്യം ഉറപ്പാക്കാൻ രാഹുൽ അദ്ധ്യക്ഷനാകണമെന്ന് ചിന്തൻ ശിബിരം പ്രതിനിധികൾ ആവശ്യപ്പെട്ടു.
9 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് ചിന്തൻ ശിബിരം ആരംഭിച്ചത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തൻ ശിബിർ വ്യക്തമാക്കുന്നത്. പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികളാണ് ചിന്തൻ ശിബിരത്തിൽ ചർച്ച ചെയ്യുന്നത്. സംഘടനാപരമായി പാർട്ടിക്ക് പുതുജീവൻ നൽകുകയാണ് ചിന്തൻ ശിബിരം ലക്ഷ്യമിടുന്നത്.
രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അദ്ധ്യക്ഷനാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പാർട്ടി ഐക്യത്തിന് രാഹുൽ ഗാന്ധി തലപ്പത്തേയ്ക്ക് വരണമെന്നാണ് പൊതു അഭിപ്രായമെന്നും ഏകകണ്ഠമായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

