സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എംപിയെ സിബിഐ ചോദ്യം ചെയ്തു

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എം.പിയെ കൊച്ചിയിലെ കേന്ദ്ര സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് സിബിഐ തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടു നിന്നു.

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ആറ് മാസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഹൈബി ഈഡന്‍ അടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിജെപി അഖിലേന്ത്യ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് എംഎല്‍എ ഹോസ്റ്റലിലെ ഹൈബി ഈഡന്റെ മുറിയില്‍ വെച്ച് പരാതിക്കാരിയെ ഉപദ്രവിച്ചു എന്നായിരുന്നു പരാതി.

കഴിഞ്ഞ മെയ് അഞ്ചിന് എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ സിബിഐസംഘം പരാതിക്കാരിക്കൊപ്പമെത്തി പരിശോധന നടത്തിയിരുന്നു. പ്രാഥമികമായ ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും വീണ്ടും ഹൈബിയെ ചോദ്യം ചെയ്യുമെന്നും സിബിഐ വൃത്തങ്ങള്‍ നേരത്തെ സൂചന നല്‍കിയിരുന്നു.