ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായും, ഇന്ത്യന്‍ പ്രധാനമന്ത്രിയായും മോദി അധികാരത്തില്‍ ഇരുപത് വര്‍ഷം തികച്ച അവസരത്തിലാണ് കഴിഞ്ഞ ബുധനാഴ്ച പുറത്തിറങ്ങിയ ‘മോദി@20’ എന്ന പുസ്തകം പുറത്തിറങ്ങുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മോദിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവം പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
‘കാശ്മീരിലെ ഉറിയില്‍ പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായുള്ള സര്‍ജിക്കല്‍ സ്ട്രൈക്കുകളും പുല്‍വാമ ചാവേര്‍ ആക്രമണത്തിന് മറുപടിയായിട്ടുള്ള ബലാക്കോട്ടിലെ വ്യോമസേന ആക്രമണവും ഇന്ത്യ പാക് ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ഭീകരവിരുദ്ധ ആക്രമണങ്ങളെ ഭയന്നാണ് പാകിസ്ഥാന്‍ ജീവിക്കുന്നത്. ഭീകരതയെ പിന്തുണച്ചാല്‍ ഇതിലും വലിയ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരക്കേണ്ടി വന്നേക്കാം എന്ന ചിന്ത ഇപ്പോള്‍ പാകിസ്ഥാനുണ്ട്. 2016ലെ സര്‍ജിക്കല്‍ സ്ട്രൈക്കുകളും 2019ലെ ബലാകോട്ട് വ്യോമാക്രമണവും തുടക്കം മാത്രമായിരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇത്തരം ധീരമായ ചുവടുകള്‍ അയല്‍രാജ്യത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കി. കേന്ദ്രം യു പി എ ഭരിച്ചപ്പോള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ നിരവധി ബോംബ് സ്ഫോടന സംഭവങ്ങളുണ്ടായി. ഇവയോട് വേണ്ട രീതിയില്‍ രാജ്യം പ്രതികരിക്കാതിരുന്നത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യക്ക് ‘മൃദുരാഷ്ട്രം’ എന്ന പേര് ചാര്‍ത്തിക്കൊടുക്കാന്‍ ഇത് കാരണമായി’- ഡോവല്‍ അഭിപ്രായപ്പെടുന്നു.
‘സര്‍ജിക്കല്‍ സ്ട്രൈക്കും, ബലാക്കോട്ട് വ്യോമാക്രമണത്തിലും ഇന്ത്യ പാകിസ്ഥാന്റെ മറ്റൊരു ഭീഷണിയും പൊളിച്ചു. പാകിസ്ഥാന്റെ ആണവ ഭീഷണി എന്നത് വെറും മിഥ്യയാണെന്ന് തെളിയിച്ചു. ഇനി പാകിസ്ഥാന്റെ ആണവ ഭീഷണി ഫലം ചെയ്യില്ല, കാരണം പ്രധാനമന്ത്രി മോദി ഇതിനകം തന്നെ അതിനെ നിര്‍വീര്യമാക്കി കഴിഞ്ഞു. അതിര്‍ത്തി കടന്നുള്ള തിരിച്ചടി നടപ്പാക്കിയതിലെ നൈപുണ്യമാണ് പ്രധാനമന്ത്രി മോദിയുടെ ഏറ്റവും വലിയ വിജയം. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ അനുമതി നല്‍കുക വഴി വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നു. കാരണം അത്രയും റിസ്‌ക് എടുക്കാനുള്ള ധൈര്യം വളരെ കുറച്ച് പേര്‍ മാത്രമാണ് എടുക്കുക. ഏതെങ്കിലും എതിരാളി ഇന്ത്യയുടെ താത്പര്യങ്ങളെ ആക്രമിച്ചാല്‍ അതിന് കൗണ്ടറുകള്‍ ഉണ്ടാകുമെന്നതിന്റെ തെളിവാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്’- അദ്ദേഹം എഴുതി.

