ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിലെ മുഖ്യ പ്രതിയായ മണിച്ചന്റെ വിടുതൽ ഹർജി വേനലവധിക്ക് ശേഷം പരിഗണിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. നാലു മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ചോദിച്ചു കൊണ്ടാണ് കോടതി ഹർജി തള്ളിയത്. സംസ്ഥാന സർക്കാർ കൊണ്ടുവന്ന മുദ്രവച്ച കവർ സ്വീകരിക്കാൻ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് തയാറായില്ല.
ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്ന് സുപ്രീം കോടതി അറിയിച്ചു. സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വ്യക്തമാക്കി. മെയ് 19 ന് മുഴുവൻ ഫയലുകളും ഹാജരാക്കാൻ ജയിൽ ഉപദേശക സമിതിക്ക് കോടതി നിർദേശം നൽകുകയും ചെയ്തു.
കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 20 വർഷമായി ജയിലിൽ കഴിയുകയാണ് മണിച്ചൻ.

