കൊച്ചി: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ.വി തോമസ് രംഗത്ത്.
‘എന്നെ പുറത്താക്കേണ്ടത് എഐസിസി ആണ്. കെപിസിസി അധ്യക്ഷന്‍ നുണ പറയുകയാണ്. കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ നിന്നും മാറാന്‍ എനിക്ക് കഴിയില്ല. അതിനാല്‍ ഞാന്‍ എല്‍ഡിഎഫിലേക്ക് പോകില്ല. കോണ്‍ഗ്രസ് പ്രസക്തി നഷ്ടപ്പെട്ട് അസ്ഥികൂടമായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഒരു സംവിധാനമുണ്ട്. എ.ഐ.സി.സി.യാണ് അത് തീരുമാനിക്കേണ്ടത്. ഇപ്പോഴും ഞാന്‍ എ.ഐ.സി.സി, കെപിസിസി. മെമ്ബറാണ്. കെപിസിസി. പ്രസിഡന്റ് നുണകൂടി പറയാന്‍ തുടങ്ങി എന്ന് പത്രം വായിച്ചപ്പോഴാണ് മനസ്സിലായത്. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ കാര്യം ആരും ഇതുവരെ അറിയിച്ചിട്ടില്ല. കെ. സുധാകരന് ആള് മാറിയതാകാം. ഫോണില്‍ വിളിച്ച് ആളെ സസ്പെന്‍ഡ് ചെയ്തു എന്ന് പറയുന്നത് പുതിയ സംവിധാനമാണ്’- അദ്ദേഹം പരിഹസിച്ചു.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇടതുമുന്നണി കണ്‍വന്‍ഷനില്‍ പങ്കെടുത്തതോടെയാണ് കെ.സുധാകരന്‍ കെ.വി തോമസിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്. എ.ഐ.സി.സി.യുടെ അനുമതിയോടെയാണ് പുറത്താക്കിയതെന്ന് സുധാകരന്‍ വ്യക്തമാക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം. സ്ഥാനാര്‍ത്ഥിക്കായി പരസ്യപ്രചാരണത്തിനിറങ്ങുമെന്നു പ്രഖ്യാപിച്ച കെ.വി. തോമസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ കെപിസിസി.ക്ക് ഹൈക്കമാന്‍ഡിന്റെ അനുമതി ആവശ്യമില്ലെന്നും നടപടി സ്വീകരിച്ചശേഷം അറിയിച്ചാല്‍ മതിയെന്നും കെ.സി.വേണുഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു.

