പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ പരാജയമാണെന്ന വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വിഷയം ഇടതുമുന്നണിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്ത സാഹചര്യത്തിലാണ് ചിറ്റയം ഗോപകുമാറിന്റെ ആരോപണം.
‘സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ല. അദ്ധ്യക്ഷത വഹിക്കേണ്ട പരിപാടിയെ കുറിച്ച് അറിയിക്കുന്നത് തലേന്ന് രാത്രിയിലാണ്. അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ ‘എന്റെ കേരളം’ പ്രദര്‍ശനമേള ഉദ്ഘാടനത്തില്‍ പങ്കെടുക്കാഞ്ഞത്. എന്റെ ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഫ്‌ളക്സിലും നോട്ടീസിലുമുണ്ടെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ല’- ചിറ്റയം ഗോപകുമാര്‍ വ്യക്തമാക്കി.
അതേസമയം, തന്റെ മണ്ഡലമായ അടൂരിലെ പരിപാടികള്‍ പോലും ആരോഗ്യമന്ത്രി അറിയിക്കാറില്ലെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലതവണ ഫോണ്‍ വിളിച്ചാലും ഫോണെടുക്കാറില്ലെന്നും ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു. വികസന പദ്ധതികളിലും അകല്‍ച്ചയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

