തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധി ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർക്കാർ ജീവനക്കാർക്ക് മെയ് വരെയുള്ള ശമ്പളം നൽകിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ജൂണിലെ ശമ്പളത്തിൽ 10 ശതമാനം പിടിച്ചുവയ്ക്കുമെന്ന അടിസ്ഥാനരഹിതമായ വാർത്ത തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചില തൽപ്പരകക്ഷികൾ നടത്തുന്ന വ്യാജ പ്രചാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാരാണ് സംസ്ഥാനത്തിന്റെ കടമെടുക്കൽ പരിധി നിശ്ചയിച്ചു നൽകേണ്ടത്. നാലോ അഞ്ചോ സംസ്ഥാനങ്ങൾക്ക് മാത്രമാണ് പുതിയ സാമ്പത്തികവർഷം കടമെടുക്കലിന് അനുമതി ലഭിച്ചത്. സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തിവരികയാണ്. അനുമതി ഉടൻ ലഭിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രസർക്കാർ ഒരുപോലെ കാണേണ്ടതാണ്. അതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

