കാട്ടുമൃഗങ്ങളെക്കാള്‍ ശല്യം വനം വകുപ്പ്; വിമര്‍ശനവുമായി എം.എം മണി

ഇടുക്കി: കാട്ടുമൃഗങ്ങളേക്കാള്‍ ശല്യമാണ് വനം വകുപ്പെന്ന വിമര്‍ശനവുമായി മുന്‍ മന്ത്രി എം.എം മണി. കാട്ടു മൃഗങ്ങളുടെ ശല്യം കാരണം കര്‍ഷകര്‍ ബുദ്ധിമുട്ടിലാകുന്ന വിഷയത്തില്‍ വനംവകുപ്പിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക സുരക്ഷ ഒരുക്കേണ്ട, വനം വകുപ്പ്, ജനങ്ങളെ ശല്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മണി ആരോപിച്ചു.

മൈലാടുംപാറ, പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് മനസിലാവുന്നില്ല. ഗവേഷണ കേന്ദ്രത്തിന്റെ അധീനതയിലുള്ള ഏക്കര്‍ കണക്കിന് ഭൂമിയില്‍ കൃഷി ചെയ്യാത്തതിനാല്‍ കാട് കയറി, കാട്ടുപന്നികള്‍ പെറ്റുപെരുകുന്ന ഇടമായി മാറി. സ്ഥാപനങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍, പാട്ടത്തിന് കര്‍ഷകര്‍ക്ക് നല്‍കണമെന്നും എം.എം മണി പാമ്പാടുംപാറയില്‍ പറഞ്ഞു.