കൊച്ചി: കെ റെയിൽ വരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര ഇടതുമുന്നണി കൺവെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ വരുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൽ കൂടുതൽ കാര്യങ്ങൾ ഇവിടെ പറയുന്നില്ല. കെ വി തോമസ് ഇടത് മുന്നണിയുടെ വേദിയിലേക്ക് കടന്നു വരുന്നത് നാടിന്റെ വികസനം ജനങ്ങളിൽ ഉണ്ടാക്കിയ കാഴ്ചപ്പാടുകളാണ് തെളിയിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കും. തൃക്കാക്കരയിൽ 99 സീറ്റ് 100 ആക്കാൻ കിട്ടിയ അവസരമാണ് തൃക്കാക്കര. യുഡിഎഫ് ക്യാംപിൽ ഇപ്പോൾ തന്നെ വേവലാതി പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യമാണ് അതിന് കാരണം. ഭരണഘടനാ മൂല്യങ്ങൾക്ക് വില നൽകാത്ത സാഹചര്യം ഈ രാജ്യത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ രാജ്യത്തിന്റെ പലഭാഗത്തും ആക്രമണങ്ങൾ നടക്കുന്നുണ്ട്. ആദിവാസി സമൂഹത്തിനും ഇതേ ആക്രമണം നേരിടേണ്ടി വരുന്നു. ഇതിനെല്ലാം എകീകൃത സ്വാഭാവമാണ്. സംഘപരിവറാണ് അതിനു പിന്നിൽ. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. എന്നാൽ കോൺഗ്രസിന് ഇതിനൊപ്പം നിൽക്കാൻ കഴിയുന്നില്ല. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കോൺഗ്രസ് പലപ്പോഴും വച്ചുപുലർത്തുന്നത്. മതനിരപേക്ഷതയെ പ്രോത്സാഹിപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. വർഗീയതയെ എടുത്ത് അണിയാൻ കോൺഗ്രസിലെ പരമോന്നത നേതാക്കൾക്കും മടിയില്ല. ബിജെപിക്ക് ബദലാകാൻ കഴിയാത്തത് പാർട്ടിയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം വിമർശിച്ചു.

