കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിലെ ഇടവേള കുറയ്ക്കാൻ സാധ്യത; വിഷയം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിലെ ഇടവേള കുറയ്ക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. രണ്ടാമത്തെ ഡോസും മുൻകരുതൽ ഡോസും സ്വീകരിക്കുന്നതിന് ആവശ്യമായ ഇടവേള കുറയ്ക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം പിന്നിടുമ്പോഴാണ് നിലവിൽ മുൻകരുതൽ ഡോസുകൾ സ്വീകരിക്കേണ്ടത്. വിദേശത്ത് പോകേണ്ട ആവശ്യമുള്ളവർക്ക് 90 ദിവസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ കഴിയുന്ന തരത്തിൽ മാറ്റമുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. ബൂസ്റ്റർ ഡോസിനായുള്ള ഇടവേള കുറയ്ക്കുന്നത് നല്ലതാണെന്ന അഭിപ്രായമാണ് ആരോഗ്യ വിദഗ്ധരും മുന്നോട്ടുവെയ്ക്കുന്നത്.

വിദേശ യാത്രികർക്ക് പലർക്കും ബൂസ്റ്റർ ഡോസ് ആവശ്യമായതിനാൽ വാക്‌സിനുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കണമെന്ന ആവശ്യം നിരവധി നിരവധി പേർ ഉന്നയിച്ചിരുന്നു. അതേസമയം, ഇന്ത്യയിൽ 190.67 കോടിയിലധികം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.