തിരുവനന്തപുരം: സമസ്തയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മദ്രസ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലെ സ്ത്രീ വിരുദ്ധ പരാമർശത്തിലാണ് ഗവർണർ സമസ്തയ്ക്കെതിരെ രംഗത്തെത്തിയത്. മുസ്ലിം പുരോഹിതർ ഖുറാൻ വചനങ്ങളും ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങളും അവഗണിച്ചു കൊണ്ട്, മുസ്ലിം സ്ത്രീകളെ അവരുടെ അവകാശങ്ങളും വ്യക്തിത്വങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറത്ത് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലീം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം ഒരു കുട്ടി ഇങ്ങനെ അവഹേളിക്കപ്പെടുന്നത് വേദനാജനകമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു ഖുറാൻ വചനങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമർശം. അർഹതപ്പെട്ട അംഗീകാരം സ്വീകരിക്കുന്നതിനായെത്തിയ പെൺകുട്ടി, മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം സ്റ്റേജിൽ വെച്ച് അപമാനിക്കപ്പെട്ടത് വളരെയധികം വേദനാജനകമായ സംഭവമാണ്. പരിശുദ്ധ ഖുറാൻ വചനങ്ങൾക്കെതിരായി മുസ്ലിം പുരോഹിത സമൂഹം സ്ത്രീകളുടെ വ്യക്തിത്വത്തെ അടിച്ചമർത്തുന്നതും അവരെ മാറ്റിനിർത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പെൺകുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ല്യാരാണ് വിവാദ പരാമർശം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നേതാവിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്.

