അധികാര ദുർവിനിയോഗം; കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിനെതിരെ ഗവണ്ണർക്ക് പരാതി

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിനെതിരെ ഗവണ്ണർക്ക് പരാതി. ഡോക്ടർ ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ആയി പുനർ നിയമിച്ചത് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ വൈസ് ചാൻസലർക്കായി മുതിർന്ന സുപ്രിം കോടതി അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ആണ് ഗവർണർക്ക് പരാതി ലഭിച്ചിട്ടുള്ളത്. കണ്ണൂർ സിൻഡിക്കേറ്റ് തീരുമാനം അധികാര ദുർവിനിയോഗം ആണെന്നും ഇത് റദ്ദാക്കണമെന്നും ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

സ്വന്തം നിലയിൽ അഭിഭാഷകനെ ഉപയോഗിക്കുന്നതിന് പകരം പൊതുഖജനാവിലെ പണമുപയോഗിച്ച് അഭിഭാഷകനെ നിയോഗിക്കാൻ എതിർകക്ഷിക്കാരനായ വൈസ് ചാൻസലർ അധ്യക്ഷനായുള്ള സിൻഡിക്കേറ്റ് സ്വീകരിച്ച തീരുമാനം അധികാരദുർവിനിയോഗം ആണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ടെക്നോളജി യൂണിവേഴ്സിറ്റി വി സി യുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ വൈസ് ചാൻസലർക്ക് വേണ്ടി കോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകനുള്ള ഫീസ് നൽകാൻ സർവകലാശാല വിയോജിച്ച് ഇരുന്നപ്പോഴാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി അയച്ചത്.