ന്യൂഡൽഹി: കശ്മീരിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ഹിന്ദു വംശഹത്യയെക്കുറിച്ച് സംസാരിക്കാൻ കശ്മീരി ഹിന്ദുവായ സുനന്ദ പുഷ്‌കർ ആഗ്രഹിച്ചിരുന്നുവെന്ന് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. അപ്പോൾ അവരെ നിശ്ശബ്ദയാക്കിയത് ഭർത്താവായിരുന്ന ശശി തരൂരായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം ശശി തരൂരിന് നിഷേധിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിക്കുന്നു. സുനന്ദ പുഷ്‌കർ പണ്ട് നടത്തിയ ഒരു ട്വീറ്റ് പുറത്ത് വിട്ടുകൊണ്ടായിരുന്നു വിവേക് അഗ്നിഹോത്രിയുടെ പരാമർശം.
തനിക്ക് കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യയെക്കുറിച്ച് പറയാൻ ആഗ്രഹമുണ്ട്. പക്ഷെ ശശി തരൂർ തന്നെ പിൻവലിപ്പിക്കുന്നുവെന്നായിരുന്നു സുനന്ദ പുഷ്‌കറുടെ പഴയ ട്വീറ്റ്. സിംഗപ്പൂരിൽ കശ്മീർ ഫയൽസ് നിരോധിച്ചതിനെ തുടർന്ന് സിനിമയെ പരിഹസിച്ച് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായാണ് വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം. ലോകത്തിൽ വെച്ച് തീരെ പുരോഗമനപരമല്ലാത്ത സെൻസർഷിപ്പ് സംവിധാനമുള്ള രാജ്യമാണ് സിംഗപ്പൂരെന്നും അതിനാൽ അവിടെ കശ്മീർ ഫയൽസ് നിരോധിച്ചതിൽ വിഷമമില്ലെന്നും വിവേക് അഗ്‌നിഹോത്രി വ്യക്തമാക്കി. ദി ലാസ്റ്റ് ടെംപ്‌റ്റേഷൻ ഓഫ് ദ ക്രൈസ്റ്റ് ഉൾപ്പെടെ ഒട്ടേറെ നല്ല സിനിമകൾ അവിടെ നിരോധിച്ചിട്ടുണ്ട്. സിംഗപ്പൂർ പ്രദർശനാനുമതി നിഷേധിച്ച 47 സിനിമകളുടെ ലിസ്റ്റും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.
സുനന്ദ പറഞ്ഞത് ശരിയാണെങ്കിൽ കശ്മീർ ഫയൽസിനെ വിമർശിക്കുന്ന ട്വീറ്റ് ശശി തരൂർ പിൻവലിക്കണമെന്നും ഇനിയെങ്കിലും കശ്മീരിലെ ഹിന്ദു വംശഹത്യയെ പരിഹസിക്കരുതെന്നും വിവേക് അഗ്‌നിഹോത്രി ആവശ്യപ്പെട്ടു.

