ന്യൂഡൽഹി: നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് കോൺഗ്രസിനെ വീണ്ടെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. പാർട്ടി ആസ്ഥാനത്ത് ചേർന്ന പ്രവർത്തക സമിതി യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ പരാമർശം. യോഗത്തിൽ പാർട്ടിയുടെ നിലവിലെ അവസ്ഥയേയും മുന്നോട്ടു പോക്കിനേയും കുറിച്ച് വിശദമായ ചർച്ച നടന്നു.
തിരിച്ചുവരവിന് മാന്ത്രിക വിദ്യയോ കുറുക്കു വഴികളോ ഇല്ല എന്ന് സോണിയാ ഗാന്ധി പ്രവർത്തകരെ ഓർമ്മിപ്പിച്ചു. പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമുള്ള വെല്ലുവിളികളെ നേരിടാൻ കോൺഗ്രസിനെ പ്രാപ്തമാക്കുന്നതിനുള്ള വിളംബരമാകണം ചിന്തൻ ശിബിരമെന്നും സോണിയാ ഗാന്ധി യോഗത്തിൽ ആവശ്യപ്പെട്ടു.
മെയ് 13 മുതൽ 15 വരെ നടക്കുന്ന ചിന്തൻ ശിബിരം കോൺഗ്രസിന്റെ വലിയ യാത്രയുടെ തുടക്കമായിരിക്കുമെന്ന് നേതാക്കൾ യോഗത്തിന് ശേഷം അറിയിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തൻ ശിബിരം നടക്കുന്നത്. 422 പ്രതിനിധികൾ ചിന്തൻ ശിബിരിൽ പങ്കെടുക്കും. ഇതിൽ 50 ശതമാനം പേർ 50 വയസ്സിന് താഴെയുള്ളവരും 21 ശതമാനം പേർ സ്ത്രീകളുമായിരിക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരിച്ചു വരവിനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് കോൺഗ്രസ്.

