നഷ്ടപരിഹാരം നൽകണം; പി സി ജോർജിന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: പി സി ജോർജിന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി കേരള ഘടകം. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമർശങ്ങളിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം നൽകണമെന്നാണ് വക്കിൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന തരത്തിലായിരുന്നു പിസി ജോർജ് പരാമർശം നടത്തിയത്. ജമാഅത്തെ ഇസ്ലാമി കൊലപാതക രാഷ്ട്രീയം നിർത്തണമെന്ന തരത്തിലായിരുന്നു പി സി ജോർജിന്റെ പ്രസ്താവന. സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനൽ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി അറിയിച്ചു.

ജോർജിന്റെ പരാമർശങ്ങൾ മതസമൂഹങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്ലാമിയെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുമുള്ള ശ്രമമാണെന്ന് പി സി ജോർജിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നിരുപാധികം മാപ്പ് പറയണമെന്നും അപകീർത്തിക്ക് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.