തൃക്കാക്കരയിൽ ട്വന്റി-20യും ആംആദ്മി പാർട്ടിയും മത്സരിക്കാനില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; വി ഡി സതീശൻ

കൊച്ചി: തൃക്കാക്കരയിൽ ട്വന്റി-20യും ആംആദ്മി പാർട്ടിയും മത്സരിക്കാനില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യുഡിഎഫ് ട്വന്റി-20യുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. പി.വി. ശ്രീനിജൻ എംഎൽഎയെ ആയുധമാക്കി കിറ്റെക്സ് എന്ന സ്ഥാപനത്തെ സംസ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തെ യുഡിഎഫ് അനുകൂലിക്കില്ലെന്നും വി ഡി സതീശൻ അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ട്വന്റി ട്വന്റിയും ആം ആദ്മിയും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാൻ ഇത് സഹായിക്കും. ഈ പാർട്ടികളുമായി യു.ഡി.എഫ് ഒരു ചർച്ചയും നടത്തിയിട്ടില്ല.

കുന്നത്ത്‌നാട് എം.എൽ.എയെ ഉപകരണമാക്കി കിറ്റെക്‌സിനെ അടച്ചുപൂട്ടിക്കാനാണ് സി.പി.എം ശ്രമിച്ചത്. അനാവശ്യമായി ഒരു വ്യവസായ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കത്തെ യു.ഡി.എഫ് അനുകൂലിക്കില്ല.