തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളല്ല, മറിച്ച് സഭയാണ് താരമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും, മതപരിവര്‍ത്തനം കാര്യമായിത്തന്നെ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ എസ്എന്‍ഡിപിയുടെ നിലപാട് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയില്‍ ആര്‍ക്കൊപ്പമാണ് എസ്എന്‍ഡിപിയെന്ന ചോദ്യത്തിന് വെള്ളാപ്പള്ളി കൃത്യമായ ഉത്തരം നല്‍കിയതുമില്ല.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ് എം. സ്വരാജ് നേരത്തെ രംഗത്തെത്തിയിരുന്നു. തൃക്കാക്കരയില്‍ ജയിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കണക്കുകൂട്ടി. ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനേ നേരിടാമെന്ന ധാരണ പാളിപ്പോയെന്ന് ഇപ്പോള്‍ വി.ഡി സതീശന് ബോധ്യപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനിടെ കോണ്‍ഗ്രസുകാര്‍ ശവക്കല്ലറയില്‍ ചെരുപ്പിട്ട് കയറിയ സംഭവത്തില്‍ മാപ്പുപറയണം. തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം ആരംഭിച്ചത് ശവക്കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടാണ്. കൂടെയെത്തിയ കോണ്‍ഗ്രസുകാര്‍ മറ്റ് ശവക്കല്ലറകള്‍ക്ക് മുകളില്‍ ചെരുപ്പിട്ട് കയറി നിന്നിട്ടുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത് ആരുടെയൊക്കെയോ പ്രിയപ്പെട്ടവര്‍ അന്തിയുറങ്ങുന്ന സ്ഥലമാണ്. ഈ സംഭവത്തില്‍ അവര്‍ മാപ്പുപറയണം. ക്യാമറയില്‍ മുഖം വരാന്‍ വേണ്ടി തിക്കിത്തിരക്കുമ്പോഴാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന അഭിപ്രായം സിപിഐഎമ്മിനില്ല. അതുകൊണ്ടാണ് അത് ഒരു വിഷയമാക്കി ഉയര്‍ത്താന്‍ ഇടതുപക്ഷം തയ്യാറാവാത്തത്. തെരഞ്ഞെടുപ്പില്‍ വിശ്വാസി സമൂഹത്തെയും സഭയെയും കോണ്‍ഗ്രസ് ആക്രമിക്കുന്നത് പരാജയ ഭീതിമൂലമാണ്- സ്വരാജ് വ്യക്തമാക്കി.

