പരീക്ഷ എഴുതാനെത്തിയത് ജനപ്രതിനിധികൾ; അപൂർവ്വ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ച് കൽപ്പറ്റ ഗവൺമെന്റ് കോളജ്

കൽപ്പറ്റ: കൽപ്പറ്റ ഗവൺമെന്റ് കോളജിലെ ക്ലാസ് മുറി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഒരു അപൂർവ്വ കാഴ്ച്ചയ്ക്കായിരുന്നു. ഉത്തരപേപ്പറും പേനയുമായി ക്ലാസ്മുറികളിൽ ഇരുന്ന് പരീക്ഷ എഴുതിയത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ തെരഞ്ഞെടുത്ത് അയച്ച പ്രതിനിധികളായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരുമെല്ലാം ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

അധികാര വികേന്ദ്രീകരണവും തദ്ദേശഭരണനിർവഹണവും എന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷയായിരുന്നു കൽപ്പറ്റയിൽ നടന്നത്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കില, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കേരളത്തിലെ തദ്ദേശഭരണ ജനപ്രതിനിധികൾക്കായി പരീക്ഷ നടത്തിയത്. വയനാട് ജില്ലയിലെ 15 ജനപ്രതിനിധികളാണ് പരീക്ഷ എഴുതിയത്. 103 പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പ്രോജക്ട്, അസൈൻമെന്റ് എന്നിവ സമർപ്പിച്ചവരാണ് പരീക്ഷയ്ക്കുള്ള യോഗ്യത നേടിയത്.

പഞ്ചായത്ത് എന്ന പദത്തിന്റെ അർത്ഥം, ഭരണഘടനയുടെ ആമുഖത്തിൽ 1976-ൽ സോഷ്യലിസ്റ്റ് എന്ന പദത്തോടൊപ്പം കൂട്ടിച്ചേർക്കപ്പെട്ട മറ്റൊരു പദം, സർക്കാർ പ്രൈമറി സ്‌കൂളുകളുടെ കെട്ടിടനിർമാണം ആരുടെ ചുമതലയാണ് തുടങ്ങിയ നിരവധി ചോദ്യങ്ങൾ ചോദ്യപ്പേപ്പറിലുണ്ടായിരുന്നു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിരാ പ്രേമചന്ദ്രൻ, വെങ്ങപ്പള്ളി, അമ്പലവയൽ, കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ രേണുക, സി കെ ഹഫ്സത്ത്, വി പി റനീഷ് എന്നിവരും പനമരം, എടവക, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ തോമസ്, ജംഷീറ ശിഹാബ്, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷരായ പി എ ജോസ്, ജസീല റംളത്ത്, എടവക ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ശിഹാബ് ആയാത്ത്, കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഹണി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്ത തിരുനെല്ലി, ഇമ്മാനുവേൽ പൂതാടി, സണ്ണി നൂൽപ്പുഴ എന്നിവരാണ് പരീക്ഷ എഴുതിയത്. മലപ്പുറം, ആലപ്പുഴ ജില്ലകളിലെ ജനപ്രതിനിധികളും വയനാട്ടിൽ പരീക്ഷ എഴുതാൻ വേണ്ടി എത്തിയിരുന്നു.