മുംബൈ: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 67 റണ്‍സിന് കീഴടക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ഏഴാം ജയവുമായി പോയിന്റ് പട്ടികയില്‍ നാലാമതെത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആര്‍.സി.ബിക്ക് മത്സരത്തിലെ ആദ്യ പന്തില്‍ത്തന്നെ വിരാട് കൊഹ്ലിയെ നഷ്ടമായിരുന്നു. അതിന്റെ ആഘാതത്തില്‍ നിന്ന് നായകന്‍ ഫാഫ് ഡുപ്‌ളെസിയും (73*) രജത് പാട്ടീദാറും(48) ചേര്‍ന്നാണ് കരകയറ്റിയത്. ഗ്‌ളെന്‍ മാക്‌സ്വെല്‍(30),(എട്ടുപന്തില്‍ പുറത്താകാതെ 33) എന്നിവരുടെ സംഭാവനകളും മികച്ച സ്‌കോറിലേക്ക് വഴിതുറന്നു.
വിരാടിനെ ആദ്യപന്തില്‍ത്തന്നെ ജഗദീഷ സുചിത് മിഡ്വിക്കറ്റില്‍ കേന്‍ വില്യംസണിന്റെ കയ്യിലെത്തിക്കുകയായിരുന്നു. ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് വിരാട് ഗോള്‍ഡന്‍ ഡക്കാവുന്നത്. തുടര്‍ന്ന് ക്രീസിലൊരുമിച്ച ഡുപ്‌ളെസിയും രജത്തും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 105 റണ്‍സാണ് ആര്‍.സി.ബി ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. സണ്‍റൈസേഴ്‌സിന്റെ അതിവേഗബൗളര്‍ ഉമ്രാന്‍ മാലിക്കിനെ ആദ്യ ഓവറില്‍ 20 റണ്‍സ് അടിച്ചുകൂട്ടിയാണ് ഡുപ്‌ളെസി വരവേറ്റത്.13-ാം ഓവറില്‍ സുചിത്തിന്റെ പന്തില്‍ ത്രിപാതിക്ക് ക്യാച്ച് നല്‍കി രജത് മടങ്ങി. 38 പന്തുകള്‍ നേരിട്ട രജത് നാലുഫോറും രണ്ട് സിക്‌സും പായിച്ചിരുന്നു. തുടര്‍ന്നിറങ്ങിയ ഗ്‌ളെന്‍ മാക്‌സ്വെല്‍ 24 പന്തുകളില്‍ മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്ബടിയോടെ 33 റണ്‍സ് നേടുകയും ഡുപ്‌ളെസിക്കൊപ്പം 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്നിറങ്ങിയ ദിനേഷ് കാര്‍ത്തികിന്റെ വെടിക്കെട്ടോടെയാണ് ആര്‍.സി.ബി ഇന്നിംഗ്‌സ് സമാപിച്ചത്. 19-ാം ഓവറിന്റെ അവസാന പന്തില്‍ കാര്‍ത്തിക് ത്യാഗിയെ സിക്‌സിന് പറത്തിയ കാര്‍ത്തിക് ഫസല്‍ഹഖിനെ അവസാന ഓവറില്‍ തുടര്‍ച്ചയായ മൂന്ന് സിക്‌സുകളുടെയും ഒരു ഫോറിന്റെയും അകമ്ബടിയോടെ 25 റണ്‍സാണ് അടിച്ചുകൂട്ടിയത്. എട്ടുപന്തുകള്‍ മാത്രം നേരിട്ട കാര്‍ത്തിക് ആകെ നാലുസിക്‌സും രണ്ട് ഫോറുമടക്കമാണ് 33 റണ്‍സ് നേടിയത്.50 പന്തുകള്‍ നേരിട്ട ഡുപ്‌ളെസി എട്ടുഫോറും രണ്ട് സിക്‌സുമടക്കമാണ് 73 റണ്‍സ് നേടി പുറത്താകാതെ നിന്നത്.
മറുപടിക്കിറങ്ങിയ ഹൈദരാബാദിനും ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായിരുന്നു.നായകന്‍ കേന്‍ വില്യംസണാണ് ആദ്യ പന്തില്‍ റണ്‍ഔട്ടായത്. ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ ഗ്‌ളെന്‍ മാക്‌സ്വെല്‍ അഭിഷേക് ശര്‍മ്മയെ (0) ബൗള്‍ഡാക്കിയതോടെ സണ്‍റൈസേഴ്‌സ് രണ്ട് വിക്കറ്റിന് ഒരു റണ്‍സ് എന്ന നിലയിലായി.തുടര്‍ന്ന് രാഹുല്‍ ത്രിപാതിയും എയ്ഡന്‍ മാര്‍ക്രമും ചേര്‍ന്ന് രക്ഷപെടുത്താന്‍ തുടങ്ങി.എന്നാല്‍ മാര്‍ക്രം(21),നിക്കോളാസ് പുരാന്‍ (19),സുചിത്ത്(2),ശശാങ്ക് (8),ഉമ്രാന്‍ (0) എന്നിവരെ പുറത്താക്കി ഹസരംഗ ഹൈദരാബാദിന്റെ ചിറകൊടിച്ചു.37 പന്തില്‍ 58 റണ്‍സടിച്ച ത്രിപാതിയെയും കാര്‍ത്തിക് ത്യാഗിയെയും ഹേസല്‍വുഡാണ് പുറത്താക്കിയത്.

