കൊച്ചി: തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫ് കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒരുപോലെ സ്ഥാനാര്‍ഥിയായി പരിഗണിക്കാവുന്ന വ്യക്തിയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
‘പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിലെ ജനങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധിയാണ് ജോ ജോസഫ്. ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയിട്ടുള്ള മറ്റ് ഇടപെടലുകള്‍ക്കും ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുണ്ട്. ഇപ്പോള്‍ എല്‍ഡിഎഫിന് 99 എംഎല്‍എമാരാണുള്ളത്. ഇത് സെഞ്ച്വറിയാകും. സിംഗിളെടുത്തല്ല സെഞ്ച്വറി നേടുക. സിക്‌സറടിച്ചുതന്നെ ഇടതുപക്ഷം സെഞ്ച്വറി പൂര്‍ത്തിയാക്കും. എണ്ണയിട്ട യന്ത്രം പോലെയാണ് എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം. ഞാന്‍ വിചാരിച്ചതിലും മികച്ച പ്രവര്‍ത്തനമാണ് തൃക്കാക്കരയില്‍ നടക്കുന്നത്. ഒന്നുരണ്ടു പേരോടു സംസാരിച്ചപ്പോള്‍ ഇന്നുവരെ എല്‍ഡിഎഫിനു വോട്ടു ചെയ്യാത്തവരും ഇത്തവണ വോട്ടു ചെയ്യുമെന്നാണ് ഉറപ്പു പറയുന്നത്. പ്രധാനമായി അവര്‍ പറയുന്നത് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ്. ആ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ അവര്‍ക്ക് ഇവിടെനിന്ന് ഒരു ഭരണകക്ഷി എംഎല്‍എ വേണം’- മന്ത്രി പറഞ്ഞു.
അതേസമയം, സ്ഥാനാര്‍ത്ഥിയെക്കുറിച്ച് മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന വിമര്‍ശനവുമായി യുഡിഎഫ് രംഗത്തിറങ്ങിയിരിക്കുന്നെതെന്ന് റിയാസ് പരിഹസിക്കുകയും ചെയ്തു.

