ശാസ്ത്രം കള്ളം പറയില്ല, മോദി പറയും; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കോവിഡ് മരണങ്ങളുടെ കണക്കുകളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചത്. ശാസ്ത്രം കള്ളം പറയില്ലെന്നും എന്നാൽ, മോദി കള്ളം പറയുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

സർക്കാർ പറയുമ്പോലെ 4.8 ലക്ഷമല്ല, 47 ലക്ഷം ഇന്ത്യക്കാരാണ് കോവിഡ് മഹാമാരി മൂലം മരണപ്പെട്ടതെന്നും രാഹുൽ അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ബഹുമാനിക്കണമെന്നും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി അവരെ സഹായിക്കണമെന്ന ആവശ്യവും രാഹുൽ ഗാന്ധി മുന്നോട്ടു വെച്ചു.

അതേസമയം, കോവിഡ് മരണങ്ങൾ കണക്കാക്കുന്നതിൽ അപാകതയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യസംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെതിരെ രാഹുൽ രൂക്ഷ വിമർശനം ഉന്നയിച്ചത്.