‘പിതൃതുല്യന്‍’; സുകുമാരന്‍ നായരുടെ അനുഗ്രഹം തേടി ഉമാ തോമസ്‌

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. സുകുമാരന്‍ നായര്‍ പിതൃതുല്യനാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം ഞാന്‍ നേടി. സന്ദര്‍ശനം മാധ്യമങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും എന്‍എസ്എസുമായി പി.ടി തോമസിന് ആത്മബന്ധമുണ്ടായിരുന്നെന്നും അവര്‍ വിശദീകരിച്ചു.

അതേസമയം, കെ വി തോമസിനെ പാര്‍ട്ടി പറഞ്ഞാല്‍ മാത്രം പോയി കാണുമെന്നും ഉമാ തോമസ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ പരിപാടികള്‍ നിശ്ചയിക്കുന്നത് ഡിസിസിയാണെന്നും അത് അക്ഷരം പ്രതി അനുസരിക്കുമെന്നും അവര്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം ഉന്നയിക്കാനില്ലെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.