‘ജയ് ഭീമി’നെതിരെയുള്ള പരാതി; സൂര്യ, ജ്യോതിക, ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്‌

സൂര്യ നായകനായ ‘ജയ് ഭീം’ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ചെന്നൈ ഹൈക്കോടതി ഉത്തരവ് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. സിനിമയുടെ നിര്‍മ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന്‍ ടിജെ ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വണ്ണിയാര്‍ സമുദായത്തിന്റെ ഹര്‍ജിയിന്മേലാണ് കോടതി ഉത്തരവ്. 2021 നവംബറിലാണ് ജയ് ഭീം തങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വണ്ണിയാര്‍ സമുദായം പരാതിയുമായി എത്തിയത്. ചിത്രത്തിലെ ക്രൂരനായ പോലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായത്തിലുള്ളവരുടെ ആരോപണം. സിനിമയില്‍ അഗ്‌നികുണ്ഡം പശ്ചാത്തലമാക്കിയ ഒരു കലണ്ടര്‍ കാണിക്കുന്നുണ്ടെന്നും അഗ്‌നികുണ്ഡം വണ്ണിയാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നതാണെന്നും വണ്ണിയാര്‍ സംഘം അവകാശപ്പെടുന്നു.

എന്നാല്‍, സിനിമയിലൂടെ ഒരു സമുദായത്തെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ നേരത്തെ പ്രതികരിച്ചിരുന്നു. തങ്ങള്‍ സിനിമ ഒരുക്കിയത് പൊലീസും ജുഡീഷ്യറിയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും താഴെക്കിടയില്‍ ഉള്ളവര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുള്ള സന്ദേശം നല്‍കുവാനാണ്. ജയ് ഭീം എന്ന സിനിമ കൊണ്ട് ആരെങ്കിലും വേദനിക്കപെട്ടു എങ്കില്‍ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.