2021-22ല്‍ 254.4 ശതകോടി ഡോളറിന്റെ സേവന കയറ്റുമതിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സേവന കയറ്റുമതി 254.4 ശതകോടി യുഎസ് ഡോളറിന്റെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. 2019-20 ലെ 213.2 ശതകോടി യുഎസ് ഡോളറെന്ന നേട്ടത്തെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മറികടന്നു. സേവനങ്ങളുടെ കയറ്റുമതി 2022 മാര്‍ച്ചില്‍ 26.9 ശതകോടി ഡോളറിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കണക്കിലെത്തി.

2021 ഏപ്രില്‍ – ഡിസംബര്‍ കാലയളവില്‍ സേവനങ്ങളുടെ കയറ്റുമതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തത് ടെലികമ്മ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടര്‍, ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍, മറ്റ് ബിസിനസ്സ് സേവനങ്ങള്‍, ഗതാഗതം എന്നിവയാണ് 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ സേവനങ്ങളും ചരക്കുകളും റെക്കോര്‍ഡ് കയറ്റുമതി നേടിയതിനാല്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതി 676.2 ശതകോടി ഡോളറിലെത്തി.

ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 2019-20, 2020-21 വര്‍ഷങ്ങളില്‍ യഥാക്രമം 526.6 ശതകോടി ഡോളറും 497.9 ശതകോടി ഡോളറുമായിരുന്നു. ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 400 ശതകോടി ഡോളര്‍ എന്ന നാഴികക്കല്ല് കടന്ന് 421.8 ശതകോടി ഡോളറായി ഉയര്‍ന്നു. ഇത് 2020-21, 2019-20 വര്‍ഷങ്ങളിലെക്കാള്‍ യഥാക്രമം 44.6 ശതമാനത്തിന്റെയും 34.6 ശതമാനത്തിന്റെയും വര്‍ധനവാണ് നേടിയത്.