കൊച്ചി: ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് മാക്ട ഫെഡറേഷൻ. ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തി വയ്ക്കരുത് എന്നും മാക്ട ആവശ്യപ്പെട്ടു. സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകൾ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഇവർ ആരായാലും അവരെ പൊതുജനമധ്യത്തിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ കടമയാണെന്നും മാക്ട വ്യക്തമാക്കി. പ്രസ്താവനയിലൂടെ ആണ് മാക്ട ഇക്കാര്യമറിയിച്ചത്.
ഹേമ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് സർക്കാരുമായുള്ള ചർച്ചയിൽ നിന്ന് മാക്ടയെ ഒഴിവാക്കി. സർക്കാരിന് കീഴിലുള്ള ചലച്ചിത്ര അക്കാദമി, കോർപറേഷനുകൾ തുടങ്ങിയവയിൽ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന ആരെയെങ്കിലും സംരക്ഷിക്കാൻ ആണോ ഇങ്ങനെ ചെയ്യുന്നത് എന്നാണ് മാക്ട ചോദിക്കുന്നത്.
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു കൊണ്ടുവരാതെ പീഡകരെ മുഴുവൻ സംരക്ഷിക്കുന്ന രീതിയിലാണ് സർക്കാരിന്റെ ഇടപെടൽ എന്ന് സംശയിച്ചാൽ തെറ്റില്ല. പരാതിക്കാരുടെ പേരുകൾ ഒഴിച്ച് പീഡകരുടെയും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞ ആളുകളുടെയും പേരുകൾ പുറത്തുകൊണ്ടുവരണമെന്നും മാക്ട ഫെഡറേഷൻ ആവശ്യപ്പെട്ടു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയും മാക്ട വിമർശനമുന്നയിച്ചു. രഞ്ജിത്തിന്റെ പ്രവർത്തനങ്ങൾ ആശങ്കയുളവാക്കുന്നവെന്നായിരുന്നു മാക്ടയുടെ പരാമർശം.

