കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. സിൽവർലൈൻ ഉൾപ്പെടെയുള്ള വികസനത്തിന് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തി ബന്ധം നോക്കിയല്ല വോട്ട് ചെയ്യേണ്ടതെന്നും കെവി തോമസ് വ്യക്തമാക്കി. ഉമ തോമസിനോടുള്ള നിലപാട് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പരസ്യമായി പറഞ്ഞില്ലെങ്കിലും സിൽവർലൈൻ വികസനത്തിന് വോട്ട് ചെയ്യണം എന്ന് ജനങ്ങളോട് അഭ്യർത്ഥിക്കും. ഒരു പദ്ധതിയെ അന്ധമായി എതിർക്കുന്നത് ശരിയല്ല. വിദേശത്ത് കഷ്ടപ്പെടുന്ന മലയാളികളുടെ പണമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവുക തന്നെ വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് കുടുംബ സുഹൃത്താണ്. പി ടി തോമസും താനും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകാരായിരുന്നു. എങ്കിലും നല്ല അടുപ്പമുണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം ഉമ ഭാര്യ ഷേർളിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. തനിക്ക് സംസാരിക്കാൻ സാധിച്ചില്ല. വ്യക്തി ബന്ധം നോക്കിയല്ല വോട്ട് ചെയ്യേണ്ടത്. തൃക്കാക്കരയിൽ പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകും. തൃക്കാക്കരയിലെ ജനങ്ങളെ തനിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

