ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ 40 ബേസിസ് പോയിന്റില്‍ നിന്ന് 4.40 ശതമാനമാക്കി വര്‍ധിപ്പിച്ചതോടെ വായ്പാ പലിശ നിരക്കുകള്‍ ഉയരും. ധനനയ അവലോകന സമിതിയുടെ അസാധാരണ യോഗത്തിലാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 17 മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് കണക്കിലെടുത്താണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനയെന്ന് റിസര്‍വ്വ് ബാങ്കുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഭക്ഷ്യവസ്തുക്കളുടെയും മറ്റും വിലയില്‍ പ്രതീക്ഷിച്ചതിലും വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആര് ബി ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് കുറച്ചുമാസങ്ങളായി പണപ്പെരുപ്പ നിരക്ക് തുടരുന്നത്.
‘നാണയപ്പെരുപ്പം തടയുന്നതിനും വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും മൂന്‍തൂക്കം നല്കുന്നതില് ആര്‍ബിഐ ഉറച്ചുനില്‍ക്കുന്നു. സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ചയിലേക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ നിശ്ചയദാര്‍ഢ്യത്തോടെ നയിക്കുന്നതിന് പണപ്പെരുപ്പം നിയന്ത്രിക്കണം. മൊത്തത്തിലുള്ള മാക്രോ ഇക്കണോമിക്, ഫിനാന്‍ഷ്യല്‍ സ്ഥിരതയ്ക്കും സുസ്ഥിര വളര്‍ച്ചയ്ക്കും ഏറ്റവും വലിയ സംഭാവന ലഭിക്കുന്നത് വില സ്ഥിരത നിലനിര്‍ത്താനുള്ള ഞങ്ങളുടെ ശ്രമത്തില്‍ നിന്നാണ്’- റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. ‘സുസ്ഥിരമായ ഉയര്‍ന്ന പണപ്പെരുപ്പം അനിവാര്യമായും സമ്പാദ്യം, നിക്ഷേപം, മത്സരശേഷി, ഉല്‍പ്പാദന വളര്‍ച്ച എന്നിവയെ ദോഷകരമായി ബാധിക്കുന്നു. ജനങ്ങളുടെ വാങ്ങല്‍ ശേഷി ഇല്ലാതാക്കുക വഴി പാവപ്പെട്ട ജനവിഭാഗങ്ങളില്‍ ഇത് പ്രതികൂല ഫലങ്ങള്‍ പ്രകടമാക്കി. അതിനാല്‍, പണപ്പെരുപ്പം കുറയ്ക്കുന്നതിന് നമ്മുടെ ഇന്നത്തെ ധനനയ നടപടികള്‍ സമ്പദ്വ്യവസ്ഥയുടെ ഇടക്കാല വളര്‍ച്ചാ സാധ്യതകളെ ശക്തിപ്പെടുത്തുകയും ഏകീകരിക്കുകയും ചെയ്യും’- അദ്ദേഹം ചൂണ്ടിക്കാട്ടി.
വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതെന്ന് ഈ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

