തിരുവനന്തപുരം: ടോൾ പിരിവിൽ അടിമുടി മാറ്റത്തിന് തയ്യാറെടുത്ത് കേന്ദ്ര സർക്കാർ. ഇനി മുതൽ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി മാത്രമായിരിക്കും ടോൾ തുക ഈടാക്കുകയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വാഹനങ്ങൾ ദേശീയപാതകളിൽ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി ടോൾ ഈടാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നാണ് പുറത്തു വരുന്ന വിവരം. ഉപഗ്രഹ സംവിധാനം ഉപയോഗിച്ചായിരിക്കും ടോൾ പിരിവെന്നും 1.37 ലക്ഷത്തിലേറെ വാഹനങ്ങളിൽ പരീക്ഷണം തുടങ്ങിയെന്നും വിവരമുണ്ട്.
നിലവിൽ രണ്ട് ടോളുകൾക്കിടയിൽ പിന്നിടുന്ന ദൂരത്തിന് മുഴുവനും നിശ്ചിത ടോൾ നൽകുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് പരിഷ്‌കരിച്ച് യാത്ര ചെയ്യുന്ന കിലോമീറ്റർ കണക്കാക്കി തുക ഈടാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. അങ്ങനെ വരുമ്പോൾ നികുതി പിരിവ് കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിന് മുൻപ് ഗതാഗത നയത്തിൽ തന്നെ കേന്ദ്രസർക്കാർ മാറ്റം വരുത്തേണ്ടി വരും. റഷ്യയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള വിദഗ്ദ്ധരുടെ സഹായത്തോടെ ഇതുസംബന്ധിച്ച പഠനങ്ങൾ പുരോമിക്കുകയാണ്. പുതിയ ടോൾ പദ്ധതി നടപ്പായാൽ നിരത്തുകളിൽ നിന്ന് ടോൾ പ്ലാസകൾ ഒഴിവാകും.

