മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ ക്യാന്‍സര്‍ ശസ്ത്രക്രിയക്ക് വിധേയനായേക്കുമെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയക്ക് പോകുമ്പോള്‍, റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കൊളായ് പട്രുഷേവിനാവും താല്‍ക്കാലിക അധികാരം കൈമാറുകയെന്നാണ് വിവരം. രോഗമുക്തി നേടാനെടുക്കുന്ന സമയവും പുതിനെ കുറച്ചു കാലത്തേക്ക് അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയേക്കും. ക്യാന്‍സറിനെ കൂടാതെ പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെ പുതിനെ ബാധിച്ചിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാരിലെ തന്റെ വിശ്വസ്തനായ പങ്കാളിയും സുഹൃത്തുമാണ് പട്രുഷേവ് എന്ന് പുതിന്‍ കഴിഞ്ഞ ദിവസം സംഭാഷണമധ്യേ സൂചിപ്പിച്ചിരുന്നു. തന്റെ ആരോഗ്യം കൂടുതല്‍ മോശമാകുന്ന പക്ഷം രാജ്യത്തിന്റെ യഥാര്‍ഥ നിയന്ത്രണം തല്‍ക്കാലത്തേക്ക് പട്രുഷേവിന്റെ കൈകളിലെത്തുമെന്ന് പുതിന്‍ ഉറപ്പു നല്‍കി. ‘പുതിനേക്കാള്‍ മിടുക്കനും കൗശലക്കാരനുമാണ് പട്രുഷേവ്. പട്രുഷേവ് അധികാരത്തിലെത്തിയാല്‍ റഷ്യയുടെ പ്രശ്‌നങ്ങള്‍ പലമടങ്ങാവുകയേ ഉള്ളൂ. ദീര്‍ഘകാലത്തേക്ക് അധികാരം കൈമാറാന്‍ പുതിന്‍ സമ്മതിക്കാന്‍ സാധ്യതയില്ല. റഷ്യയുടെ നിയന്ത്രണം രണ്ടോ മൂന്നോ ദിവസത്തില്‍ കൂടുതല്‍ പട്രുഷേവിന്റെ പക്കലാകാന്‍ സാധ്യതയില്ല’- ടെലഗ്രാം ചാനലിന്റെ ഉടമസ്ഥന്‍ പറയുന്നു.
റഷ്യക്കുള്ളിലെ സൈനിക-സുരക്ഷാ വിഷയങ്ങളില്‍ മാര്‍ഗോപദേശം നല്‍കുന്ന, നിര്‍ണായക സമിതിയാണ് സെക്യൂരിറ്റി കൗണ്‍സില്‍. ഇതിന്റെ സെക്രട്ടറിയാണ് പട്രുഷേവ്. സെക്യൂരിറ്റി കൗണ്‍സിലിന്റെ അധികാരത്തില്‍ ഭൂരിഭാഗം നിക്ഷിപ്തമായിരിക്കുന്നത് പട്രുഷേവിലാണ്. പുതിനെപ്പോലെ തന്നെ റഷ്യയുടെ ഇന്റലിന്‍ജന്‍സ് ഏജന്റായാണ് പട്രുഷേവും ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

