കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി പി രാജീവിന്റെ നൂറ് സീറ്റെന്ന പ്രസ്താവന സ്വപ്നം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കെ വി തോമസിന് മറുപടിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് ലക്ഷ്യം നൂറ് സീറ്റ് തികയ്ക്കലെന്നായിരുന്നു മന്ത്രി പി രാജീവ് അറിയിച്ചത്.
വികസനം ആഗ്രഹിക്കുന്നവർ ഇടതിനൊപ്പമാണെന്നും സിൽവർലൈൻ തൃക്കാക്കരയിൽ ഇടതിന് ഗുണമാകുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഏത് സമയത്തും നേരിടാൻ കോൺഗ്രസും യു.ഡി.എഫും സജ്ജമാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനം കോൺഗ്രസിനും യു.ഡി.എഫിനും മണ്ഡലത്തിലുണ്ട്. തിങ്കളാഴ്ച്ച മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ട പരിപാടികൾക്ക് തുടക്കം കുറിക്കും. എത്രയും വേഗത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. പി.ടി തോമസ് വിജയിച്ചതിനേക്കാൾ ഉജ്ജ്വലമായ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

