കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ അനുകൂലിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. താൻ വികസന രാഷ്ട്രീയത്തിനൊപ്പമാണെന്ന് കെ.വി തോമസ് പറഞ്ഞു. കോൺഗ്രസും യുഡിഎഫും കെ റെയിലിനെതിരെ എതിർപ്പ് ശക്തമാകുന്നതിനിടെയാണ് കെ വി തോമസിന്റെ പ്രതികരണം.
കെ റെയിൽ ഇടതുമുന്നണി കൊണ്ടുവന്നതിന്റെ പേരിലല്ല എതിർക്കേണ്ടത്. അതിനെന്തെങ്കിലും പോരായ്മയുണ്ടോ അതുണ്ടെങ്കിൽ പരിഹരിക്കണമെന്ന നിലപാടാണ് തനിക്ക്. കെ റെയിൽ എന്ന പേരിനെ എതിർക്കാം. ആശയത്തെ എതിർക്കാനാകില്ല. ഇ. ശ്രീധരൻ ഉൾപ്പെടെയുളളവരുമായി താൻ ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ആഴ്ചയിലും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ആളാണ് താൻ. രാവിലെ അഞ്ച് മണിക്ക് പോയാൽ പത്ത് മണിക്ക് എത്തും. എന്നാൽ ഏഴ് മണിയായിപ്പോയാൽ ഒരു മണി കഴിയും. അങ്ങനെയുളള സാഹചര്യത്തിൽ നമുക്ക് നല്ല ഗതാഗത സംവിധാനങ്ങൾ വേണം. എക്സ്പ്രസ് ഹൈവേ, എക്സ്പ്രസ് റെയിൽവേ എല്ലാം കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണെന്നും അദ്ദേഹത്തിന്റെ ആശയമായിരുന്നു അതെന്നും കെവി തോമസ് ചൂണ്ടിക്കാട്ടി.
തൃക്കാക്കര തെരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തൃക്കാക്കരയിൽ താനോ തന്റെ കുടുംബത്തിൽ നിന്നുളള മറ്റാരെങ്കിലുമോ മത്സരിക്കില്ല. ഉമയും പി.ടി തോമസും തന്റെ കുടുംബ സുഹൃത്തുക്കളാണ്. പക്ഷേ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമാണ് ചർച്ചയാകുന്നത്. തിരഞ്ഞെടുപ്പിൽ വ്യക്തിക്കൊപ്പമല്ല, വികസനത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

