തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയെ ബുധനാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥിയെ ബുധനാഴ്ച പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷൻ കെ. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം സൗമ്യമായി ഉണ്ടാകുമെന്നും ചർച്ചകൾ തുടരുകയാണെന്നും സുധാകരൻ വ്യക്തമാക്കി.

എല്ലാ ജനവിഭാഗങ്ങളുടെയും വികാരങ്ങൾ ഉൾക്കൊണ്ട് യുഡിഎഫ് മുന്നോട്ടു പോകും. തൃക്കാക്കരയിലെ വോട്ടർമാർ കഴിഞ്ഞ കുറെ കാലമായി എവിടെയാണ് നിൽക്കുന്നതെന്ന് രാഷ്ട്രീയത്തിലുള്ള എല്ലാവർക്കുമറിയാം. അതിനു പോറലേൽക്കുന്ന ഒരു കാര്യവും കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതിനാൽ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

തൃക്കാക്കരയിൽ വിജയിച്ച് 100 സീറ്റ് നേടുകയാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നൽകി. ഇത് അവരുടെ അവകാശവാദം ആണെന്ന് അദ്ദേഹം പറഞ്ഞു. അവർ ഉന്നയിച്ചോട്ടെയെന്നും ജനം അല്ലേ വിലയിരുത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു.