ഇടതു സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാട് ചര്‍ച്ചയാകും; ലക്ഷ്യം 100 സീറ്റെന്ന് മന്ത്രി പി. രാജീവ്‌

കൊച്ചി: കേരളത്തില്‍ 100 സീറ്റിലേക്ക് എത്തുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

‘തൃക്കാക്കരയില്‍ ഇടതു സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാട് ചര്‍ച്ചയാകും. നാലുവര്‍ഷം പാഴാക്കേണ്ടതില്ല എന്നാകും വോട്ടര്‍മാര്‍ ചിന്തിക്കുക. കെ-റെയില്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നത് നല്ല കാര്യമാണ്. വികസനത്തിനൊപ്പം നില്‍ക്കുന്നവരെ എല്‍ഡിഎഫ് കൂടെ കൂട്ടും. ഇന്നത്തെ സാഹചര്യവും വികസനത്തിന്റെ കാഴ്ച്ചപ്പാടും മുന്‍നിര്‍ത്തി എല്‍ഡിഎഫിനൊപ്പം അണിചേരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതില്‍ എല്ലാ പാര്‍ട്ടിയിലെയും ആളുകളുമുണ്ടാകാം. ബിജെപി-കോണ്‍ഗ്രസ് വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗം കേരളത്തില്‍ വന്ന് സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വീടുകള്‍ തോറും കയറി പ്രചാരണം നടത്തുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ അദ്ദേഹം ചുണ്ടുപോലും അനക്കുന്നില്ല. മഹാരാഷ്ട്രയില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ അതിവേഗ ട്രെയിന്‍ നടപ്പാക്കുന്നു. എന്നാല്‍, ഇതൊന്നും കേരളത്തില്‍ പാടില്ലെന്ന് ഇരുകൂട്ടരും വാദിക്കുന്നു’- മന്ത്രി വ്യക്തമാക്കി.