വര്‍ഗീയതയും വിദ്വേഷവും പ്രസംഗിക്കുന്നവരെ ഒറ്റപ്പെടുത്തണം; തിന്മയെ നന്മകൊണ്ട് നേരിടണമെന്നും പെരുന്നാള്‍ സന്ദേശത്തില്‍ പാളയം ഇമാം

വര്‍ഗീയവാദികളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് പാളയം ഇമാം വി.പി സുഹൈല്‍ മൗലവിയുടെ പെരുന്നാള്‍ സന്ദേശം. ‘വര്‍ഗീയതയും വിദ്വേഷവും പ്രസംഗിക്കുന്നവരെ, അവരാരായാലും, ഏത് മതത്തില്‍പ്പെട്ടവരായാലും, ഏത് രാഷ്ട്രീയ കക്ഷിയാണെങ്കിലും, എല്ലാ മതക്കാരും എല്ലാ രാഷ്ട്രീയ കക്ഷികളും ചേര്‍ന്നുകൊണ്ട് ഒറ്റപ്പെടുത്താന്‍ മുന്നോട്ട് വരണം. മുസ്ലീങ്ങള്‍ ചായയില്‍ മരുന്ന് കലക്കി മറ്റുള്ളവരെ വന്ധീകരിക്കാന്‍ നോക്കുന്നു എന്ന അങ്ങേയറ്റം അപകടരം നിറഞ്ഞ പ്രയോഗങ്ങളാണ് ഉപയോഗിച്ചത്’- പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശത്തെ പേരെടുത്ത് പറയാതെ ആയിരുന്നു പാളയം ഇമാമിന്റെ വിമര്‍ശനം.

‘വിദ്വേഷം കത്തിക്കാനായിരുന്നു ശ്രമം. മുസ്ലീമിന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് പറയുന്നു എന്നിവയെല്ലാം കള്ളപ്രചാരണമാണ്. തിന്മയെ നന്മ കൊണ്ട് നേരിടണം. ഹിന്ദു ഹിന്ദുവിന്റെ കടയില്‍ നിന്ന് സാധനം വാങ്ങണമെന്ന് പറയുന്നതും, മുസ്ലിം മുസ്ലിമിന്റെ കടയില്‍ നിന്ന് സാധനം വാങ്ങണമെന്ന് പറയുന്നതും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഈദ്ഗാഹിന് പാളയം ഇമാം വി.പി.സുഹൈല്‍ മൗലവി ഈദ്ഗാഹിന് നേതൃത്വം നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കായെത്തി.