വയനാട് സന്ദർശനത്തിനായി കേരളത്തിലെത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി; സ്വീകരണം നൽകി കെ സുരേന്ദ്രൻ

കോഴിക്കോട്: വയനാട് സന്ദർശനത്തിനായി കേരളത്തിലെത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മൂന്ന് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് സ്മൃതി ഇറാനി സംസ്ഥാനത്തെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രിയെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വാഗതം ചെയ്തത്. വയനാട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിലും മറ്റ് ജനസമ്പർക്ക പരിപാടികളിലും സ്മൃതി ഇറാനി പങ്കെടുക്കും.

സ്മാർട്ട് അംഗനവാടികൾ സന്ദർശിക്കുന്നതടക്കമുള്ള പരിപാടികളും നടത്തുമെന്നാണ് റിപ്പോർട്ടുകൾ. അമേഠിയിൽ എതിരാളിയായിരുന്ന രാഹുൽ ഗാന്ധിയുടെ കേരളത്തിലെ മണ്ഡലമായ വയനാട്ടിലാണ് സ്മ്യതി ഇറാനിയെത്തുന്നത്. അതിനാൽ തന്നെ മണ്ഡലത്തിലെ സ്മ്യതി ഇറാനിയുടെ സന്ദർശനം ദേശീയ തലത്തിൽ വരെ ശ്രദ്ധേയമായിരിക്കുകയാണ്.

സന്ദർശന വേളയിൽ സമൃതി ഇറാനി വയനാട്ടിൽ കേന്ദസർക്കാർ സഹായത്തോടെ നടപ്പാക്കിയ പദ്ധതികൾ ഉയർത്തിക്കാട്ടുമെന്നാണ് വിവരം. വയനാട്ടിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കുകയാണ് സന്ദർശനത്തിലൂടെ സ്മൃതി ഇറാനിയും ബിജെപിയും ലക്ഷ്യംവെയ്ക്കുന്നത്.