ഇന്ത്യ സമാധാനത്തിനൊപ്പം; റഷ്യ- യുക്രൈൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

ന്യൂഡൽഹി: റഷ്യ- യുക്രൈൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. വിഷയത്തിൽ ഇന്ത്യ ഇരു രാജ്യങ്ങൾക്കുമൊപ്പമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. യുദ്ധം ആഗോള സമാധാനത്തിന് വെല്ലുവിളിയായെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യൻ പര്യടനത്തിൽ ജർമ്മൻ ചാൻസിലറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാന്തിയുടെ വഴി സ്വീകരിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. യുദ്ധത്തിൽ ആരും ജേതാക്കളാകുന്നില്ല. ആഗോള തലത്തിൽ യുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസ് അഭിനന്ദിച്ചു. വ്യാപാരം, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരിക്കാൻ ഇന്ത്യയും ജർമ്മനിയും തീരുമാനിച്ചു.

തിങ്കളാഴ്ച്ച രാവിലെയാണ് പ്രധാനമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം കുറിച്ചത്. ബെർലിൻ സന്ദർശനത്തിന് ശേഷം നാളെ കോപ്പൻഹേഗനിലും അടുത്ത ദിവസം പാരീസിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. പ്രവാസി മലയാളികളെയും, വ്യവസായ പ്രമുഖരെയും പ്രധാനമന്ത്രി കാണും.