ചര്‍ച്ചകള്‍ തുടരും; ബദല്‍ സംവാദങ്ങള്‍ക്കില്ലെന്ന് കെ-റെയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജനകീയ സമിതി സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കെ-റെയില്‍ അറിയിച്ചു. ഏപ്രില്‍ 28 ന് കെ-റെയില്‍ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നെന്നും ഇനി ബദല്‍ ചര്‍ച്ചകളല്ല തുടര്‍ ചര്‍ച്ചകളാണ് വേണ്ടതെന്നും കെ റെയില്‍ വിശദീകരിച്ചു.

‘ഏപ്രില്‍ 28 ലെ സംവാദത്തില്‍ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകള്‍ തന്നെയാണ് ഈ ചര്‍ച്ചയിലും പങ്കെടുക്കുന്നത്. സെമിനാര്‍ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. പിന്മാറിയ പാനലിസ്റ്റുകള്‍ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചര്‍ച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല. ഈ കാരണങ്ങളാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ല’- കെ-റെയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഭാവിയില്‍ ന്യായമായും സുതാര്യമായും ഇത്തരം ചര്‍ച്ചകളുടെ ഒരു പരമ്പര തന്നെ കെ-റെയിലും സംസ്ഥാന സര്‍ക്കാരും നടത്തും. അതിലേക്ക് എല്ലാവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നുവെന്നും കെ-റെയില്‍ അറിയിച്ചു.